09:51pm 09 October 2026
NEWS
വാഗ്ദാനങ്ങൾ ലക്ഷം കോടി; യാഥാർത്ഥ്യം കടലാസിൽ മാത്രം: കേരളത്തിൽ പിൻവലിച്ചത് 43,421 കോടിയുടെ നിക്ഷേപം
09/10/2026  08:30 AM IST
ന്യൂസ് ബ്യൂറോ
വാഗ്ദാനങ്ങൾ ലക്ഷം കോടി; യാഥാർത്ഥ്യം കടലാസിൽ മാത്രം: കേരളത്തിൽ പിൻവലിച്ചത് 43,421 കോടിയുടെ നിക്ഷേപം

തിരുവനന്തപുരം: പത്തു വർഷത്തിനിടെ നടത്തിയ ആഗോള നിക്ഷേപക സംഗമങ്ങളിലെ നിക്ഷേപ വാഗ്ദാനം ലക്ഷം കോടിയിലേറെയാണെങ്കിലും, ഇതിൽ ഭൂരിഭാഗവും കടലാസിൽ മാത്രമെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ ഇൻവെസ്റ്റേഴ്സ് മീറ്റിൽ മാത്രം 1.53 ലക്ഷം കോടിയുടെ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ (നിക്ഷേപാനുകൂല ഘടകങ്ങൾ)​ രാജ്യത്ത് മുന്നിലാണെന്നും കേരളം നിക്ഷേപ സൗഹൃദമാണെന്നും സർക്കാരടക്കം അവകാശപ്പെടുമ്പോഴും, ഭൂമി ലഭ്യമാക്കുന്നതിലും സർക്കാർ പിന്തുണയിലുമുണ്ടാകുന്ന വീഴ്ചകളാണ് നിക്ഷേപകരെ പിന്നോട്ടടിക്കുന്നത്.
​ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടാക്സേഷൻ,​ നിതി ആയോഗ്,​ കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് എന്നിവ പ്രത്യേകം തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 46,​981 കോടിയുടെ സ്വകാര്യ നിക്ഷേപ നിർദ്ദേശങ്ങളിൽ 43,421 കോടിയുടേതും പിൻവലിക്കപ്പെട്ടു. സ്വകാര്യമേഖലയിലും സംയുക്ത മേഖലയിലുമായി കഴിഞ്ഞ അഞ്ച് വർഷമുണ്ടായത് വെറും 6,101 കോടിയുടെ നിക്ഷേപം മാത്രമാണെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിക്കുന്നു.
​നിതി ആയോഗിന്റെ പ്രഥമ നിക്ഷേപക സൗഹൃദ സൂചികയിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ കേരളം 17-ാമതാണ്. സ്‌കോർ 45 മുതൽ 50 വരെയുള്ള 'ഫ്രണ്ട് റണ്ണേഴ്സ്' എന്ന രണ്ടാം നിരയിലാണ് കേരളത്തിന്റെ സ്ഥാനം. 50ന് മുകളിൽ സ്‌കോറുള്ള സംസ്ഥാനങ്ങളാണ് ടോപ്പ് പെർഫോമേഴ്സ് പട്ടികയിലുള്ളത്. ഗുജറാത്ത്,​ മഹാരാഷ്ട്ര,​ കർണാടക,​ ഉത്തർപ്രദേശ്,​ തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഈ മുൻനിരയിലുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയിൽ 50% എന്നതുമാത്രമാണ് നിക്ഷേപാനുകൂല റേറ്റിംഗിൽ കേരളത്തിൽ മുന്നിൽ നിൽക്കുന്ന ഏക ഘടകം.
​ഭൂമിയിലും പിന്തുണയിലും വീഴ്ച
​ഭൂമി ഏറ്റെടുക്കൽ, അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസം തുടങ്ങിയവയാണ് സംസ്ഥാനത്ത് നിന്ന് നിക്ഷേപകരെ അകറ്റുന്ന പ്രധാന ഘടകങ്ങളെന്ന് പഠനം വ്യക്തമാക്കുന്നു.
​ഭരണപരമായ പിന്തുണ നൽകുന്നതിലെ വീഴ്ചയും വലിയ തിരിച്ചടിയാണ്. സർക്കാർ സംവിധാനങ്ങളുടെ യഥാർത്ഥ പിന്തുണ കേവലം 26 ശതമാനം മാത്രമാണ്.
​എഫ്.ഡി.ഐയിലും പിന്നിൽ
ഇന്ത്യയുടെ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ)​ കേരളത്തിന്റെ പങ്ക് ആറ് വർഷത്തിനിടെ ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞ് 0.64% എത്തിയിരിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2025-26 കാലയളവിൽ കേരളത്തിന്റെ എഫ്.ഡി.ഐ ഇക്വിറ്റി ഇൻഫ്ളോ മുൻവർഷത്തെ 3,330.26 കോടിയിൽ നിന്ന് 1.5% കുറഞ്ഞ് 3,281.21 കോടിയായി ചുരുങ്ങി. എഫ്.ഡി.ഐയിൽ മഹാരാഷ്ട്ര (1,64,875 കോടി),​ കർണാടക (1,12,869.88 കോടി),​ തമിഴ്നാട് (41,197.97 കോടി), ആന്ധ്ര (5,354.40 കോടി) തുടങ്ങിയ സംസ്ഥാനങ്ങളാണ് നിലവിൽ മുന്നിൽ നിൽക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img